2011, സെപ്റ്റംബർ 25, ഞായറാഴ്‌ച

മീശ വളരുന്നത്‌ പേടിച്ച് തല വെട്ടിക്കളയരുത്

ബാലക്ഷേമ ബില്‍ ഒരു 27 വര്ഷം മുന്നെ ആക്കിക്കൂടായിരുന്നോ. എന്നാല്‍ എന്‍റെ ബാപ്പാക്ക് പത്താമത്തെ കുഞ്ഞ് പ്രസവിച്ചതിനു ശേഷം എന്നെ കത്രിക വെച്ച്, അല്ലെങ്കില്‍ ഗര്‍ഭ ചിദ്രം നടത്തി കൊല്ലാമായിരുന്നു. ഞാന്‍ പോട്ടെ..!
കല്ലിവല്ലി!
എത്രയെത്ര മഹോന്നതന്മാരെ നമുക്ക് കൊല്ലാമായിരുന്നു. (വി ആര്‍ കൃഷ്ണയ്യര്‍ എത്രാമത്തെ കുഞ്ഞാണെന്ന് എനിക്കറിയില്ല)
എത്രയെത്ര സാഹിത്യ, സാംസ്കാരിക, വിദ്യാഭ്യാസ, ശാസ്ത്ര, സാങ്കേതിക വിചക്ഷണരെ കൊല്ലാമായിരുന്നു. പാട്ടുകാരെ, നൃത്തം ചെയ്യുന്നവരെ, സിനിമാക്കാരെ.....
ഈ ബില്ല് ഇങ്ങനെ മനുഷ്യ സമൂഹത്തില്‍ മാത്രമായി ഒതുക്കാന്‍ പാടില്ലായിരുന്നു. കാക്ക, പൂച്ച, പട്ടി, പന്നി, ഇങ്ങനെ കോടാന കോടി ജീവികള്‍ക്ക് മേല്‍ കൂടി നടപ്പാക്കിയാല്‍ അതൊരു നീതിയാകുമായിരുന്നു. ഒറ്റപ്പേറിനു അഞ്ചും പത്തുമൊക്കെ പെറുന്നവരാനല്ലോ ഇവരില്‍ അധികവും. അപ്പോള്‍ നമുക്ക് മൊത്തത്തില്‍ ക്ഷേമം ഏറ്റെടുക്കാമല്ലോ. കുട്ടിക്ഷേമം, പട്ടിക്ഷേമം, പന്നിക്ഷേമം, ഉറുമ്പ് ക്ഷേമം...........!!!!
ഇനി നല്ല പരിപാടിയുണ്ട്.. വൃക്ഷങ്ങളുടെ ഗര്‍ഭ ചിദ്രം!! വൃക്ഷങ്ങളൊക്കെ എത്ര വെള്ളവും വളവും കുടിച്ചു വറ്റിക്കുന്നു! അത് കൊണ്ട് നമുക്കല്‍പ്പം വൃക്ഷ ക്ഷേമവും ആകാം.
ക്ഷേമം വരുന്നത് നിര്മാര്‍ജനത്തിലൂടെയാണെങ്കില്‍ ഇതൊക്കെയാണ് നല്ലത്.
ഇന്ത്യയുടെ മൊത്തം ക്ഷേമത്തിന് കുറച്ചു ജില്ലകള്‍ അങ്ങ് നശിപ്പിച്ചു കളയാം. കടലില്‍ കലക്കിക്കളയാം!
ലോകത്തിന്‍റെ മൊത്തം ക്ഷേമത്തിന് വേണ്ടി നമുക്ക് പാക്കിസ്ഥാനെയും ബ്രിട്ടനെയുമൊക്കെ അങ്ങ് ഗര്‍ഭ ചിദ്രം നടത്തിക്കളയാം. എന്താ..!!
അതല്ലേ ഈ പറയുന്നത്!
മുല കൊടുത്താല്‍ സൗന്ദര്യം വറ്റിപ്പോകുമോ എന്ന് പേടിച്ചു പോകുന്ന കൊച്ചമ്മമാരുടെ ബില്ലാണിത്.
2 വര്ഷം മര്യാദക്ക് മുലയൂട്ടണമെന്ന് ശാസ്ത്രം പറയുമ്പോള്‍ എവിടെപ്പോയി ഇവരുടെയൊക്കെ ബാലക്ഷേമം? അപ്പോള്‍ പ്രശ്നങ്ങളായി.. മുല തൂങ്ങും! സൗന്ദര്യം ഒലിച്ചു പോകും! ഇതല്ലേ കഥ!
വി ആര്‍ കൃഷ്ണയ്യര്‍ ഇത്രയും കാലം ആരോഗ്യ ദൃഡ ഗാത്രനായി ജീവിച്ചത് ഗര്‍ഭ ചിദ്രം നടത്തിയിട്ടല്ല; നന്നായി മുലപ്പാല്‍ അകത്തു ചെന്നത് കാരണമാണ്.
ക്ഷേമം വരുത്തേണ്ടത് അക്രമത്തിലൂടെയല്ല. ക്രമമായ മാര്‍ഗങ്ങളിലൂടെയാണ്. അതിനുള്ള വഴികളാണ് ആലോചിക്കേണ്ടത്. മീശ വളരുന്നത്‌ പേടിച്ച് തല വെട്ടിക്കളയരുത്.

2011, ജൂൺ 27, തിങ്കളാഴ്‌ച

സമദാനി യദിയൂരപ്പയോടു ആ കാര്യം വല്ലതും പറഞ്ഞോ?

കോട്ടക്കല്‍ ആര്യ വൈദ്യ ശാലയില്‍ ചികിത്സക്ക് വന്ന കര്‍ണാടക മുഖ്യമന്ത്രി യദിയൂരപ്പയെ കേരള മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയും അബ്ദുല്‍ സമദ് സമദാനി എം എല്‍ എ യും വളരെ പ്രയാസപ്പെട്ടു തിരക്കുകളും ജാടകളും ഒക്കെ മാറ്റി വെച്ച് സന്ദര്‍ശിച്ചത് നമ്മള്‍ കണ്ടു. എന്തൊരു ചിരിയായിരുന്നു മൂവരും.. കോള്‍ഗേറ്റ് തോറ്റു പോവും.. രണ്ട് പേരും ന്യൂന പക്ഷങ്ങളുടെ പ്രതിനിധികള്‍ കൂടി ആണല്ലോ.. അപ്പോള്‍ ചിരിക്കു ഒരു ന്യൂനോക്തി കൂടി കാണും.. കൈ കൊടുക്കുമ്പോള്‍ ഒരു വിധേയത്തവും വിറയലും കൂടി ആകും.. കണ്ണുകളില്‍ കഷായം കഴിച്ച ഒരു സംത്രാസവും..
സംഗതി അതല്ല..
ആ കാര്യത്തെ കുറിച്ചു അവരെന്തെങ്കിലും മിണ്ടിയോ? ഏതു കാര്യം എന്ത് കാര്യം അല്ലേ? ഉമ്മന്ചാണ്ടിക്ക് അതോര്‍മ്മ വേണമെന്നില്ല.. അയാള്‍ ക്രിസ്ത്യാനിയല്ലേ.. പക്ഷെ അബ്ദുസ്സമദ് സമദാനിക്ക് അങ്ങനെയാകാമോ? ഓര്‍മ്മ വേണ്ടേ?
അബ്ദുസ്സമദും അബ്ദുന്നാസിരും ഒന്നുമില്ലെങ്കിലും അബ്ദുവല്ലേ? ഒരു ദൈവത്തിന്‍റെ തുല്യരായ അടിമകള്‍ എന്നാണ് അബ്ദു എന്നാല്‍ അര്‍ഥം. കര്‍ണാടകയില്‍ നിന്നും കേരളത്തിലെ ഇട്ടാവട്ടത്തില്‍ കോട്ടക്കലില്‍ കഷായം കുടിക്കാന്‍ യദിയൂരപ്പ വന്നപ്പോള്‍ മുസ്ലിം ന്യൂന പക്ഷത്തിന്റെ പ്രതിനിധികളായി കേരളത്തില്‍ വിലസുന്ന അബ്ദുസ്സമദ്സമദാനിമാര്‍ മദനിയെന്ന ആ പാവം മനുഷ്യന് വേണ്ടി എന്തെങ്കിലും ഒരക്ഷരം മിണ്ടിയോ? ഒരക്ഷരം.. ഒരു നീതിക്ക് വേണ്ടി എന്ന നിലയിലെങ്കിലും..
വേണ്ട.. വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞതല്ലേ.. അക്രമിക്കപ്പെടുകയും അനീതിക്കിരയാവുകയും ചെയ്യുന്ന ഒരു വിഭാഗത്തിന് വേണ്ടി, അല്ലെങ്കില്‍ ഒരു മനുഷ്യന് വേണ്ടി നിങ്ങള്‍ ശബ്ദമുയര്ത്തണമെന്നു.! ആ നിലക്കെങ്കിലും.. ഒരു വാക്ക്..
കോട്ടക്കലില്‍ വന്ന് വട്ടം കൂടിയിരുന്നു കഷായം ഉണ്ടാക്കിയാല്‍ പോര!
ആ കഷായം അനീതിക്കും അക്രമത്തിനുമുള്ള മരുന്നാവുകയാണ് വേണ്ടത്..
അല്ലാതെ വിധേയത്വത്തിന്‍റെ വിഷമാവുകയല്ല...!
വാല്‍ക്കഷ്ണം: കോഴിക്കോട്ടു നിന്നും വെട്ടിയ മദീനയിലേക്കുള്ള പാത നീതിക്ക് വേണ്ടി നില കൊള്ളുന്നില്ലെങ്കില്‍ പ്രവാചകനിലേക്കെത്തുകയില്ല.! കൂടിക്കാഴ്ചയില്‍ പുതിയ ഇരകളെ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ടോ ആവോ?

2011, മാർച്ച് 11, വെള്ളിയാഴ്‌ച

മോഡിയെ നാണം കെടുത്തിയ വി എസ്

ചിലപ്പോഴുണ്ടല്ലോ ചൊറിച്ചില്‍ ഒരു സുഖമുള്ള ഏര്‍പ്പാടാണ്! അത്തരമൊരു ചൊറിച്ചില്‍ എങ്ങനെ ഉണ്ടാകുമെന്ന് നോക്കാം.

ഈ കഴിഞ്ഞ നവംബറിലാണ് സംഭവം. നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി സ: വി എസ് അച്യുതാനന്ദന്‍, ഇന്ത്യടുഡേ നടത്തിയ ഒരു വിരുന്നിനു പോയതായിരുന്നു. പല പ്രമുഖരും പങ്കെടുത്ത ഒരു ചടങ്ങ്..കൂട്ടത്തില്‍ ഗുജറാത്ത് ഭീകരന്‍ നരേന്ദ്ര മോഡിയും വന്നിട്ടുണ്ട്.
ബിരിയാണി തട്ടി ഏമ്പക്കമിട്ടു ഇരിക്കുന്നേരം മോഡിക്കൊരു മോഹം... ഒരു ഫോട്ടോയെടുക്കണം..
ആരുടെ കൂടെ?
സാക്ഷാല്‍ വി എസ് അച്യുതാനന്ദന്‍റെ കൂടെ!!
അതും തോളില്‍ കയ്യിട്ടുകൊണ്ട്!! വല്ലാത്തൊരു മോഹം..!!
കാമറക്കാരൊക്കെ റെഡിയായി..
ആര് ആരുടെ തോളിലാ കയ്യിടാന്‍ ശ്രമിക്കുന്നത് എന്ന് നോക്കണം.
കൊലച്ചിരി ചിരിച്ചുകൊണ്ട് മോഡി തന്‍റെ ചോരക്കൈ വി എസ്സിന്‍റെ വിപ്ലവച്ചുമലിലേക്ക് എടുത്തു വെച്ചു.
ഒന്നും നോക്കിയില്ല, വി എസ് വിപ്ലവ ബോധത്തോടെ ആ കൈ തട്ടി മാറ്റി..
നാണം കെടാന്‍ ഇതിലും വലുത് വേറെ എന്തെങ്കിലും വേണോ? ആ ചോര ഞങ്ങളുടെ കേരളത്തിന്‍റെ ചുമലില്‍ പുരട്ടാന്‍ ഞങ്ങള്‍ സമ്മതിക്കില്ല എന്ന പ്രഖ്യാപനമായിരുന്നു വി എസ്സിന്‍റെ പ്രതികരണം..
എനിക്ക് ചൊറിഞ്ഞു കേറുന്നത് അതൊന്നുമല്ല.. ഇത് വല്ല ചാണ്ടിമാരും ആയിരുന്നെങ്കില്‍ മോഡിയുടെ കാലില്‍ വീണു ചളി നക്കിയെടുക്കുമായിരുന്നു.. കേരളത്തെ നാണം കെടുത്തുമായിരുന്നു. കുഞ്ഞാലിക്കുട്ടിമാരും മുനീറുമാരുമാരും ആരായാലും ഇത് തന്നെയാവും അവസ്ഥ. എന്തിന് പറയുന്നു ഇന്നത്തെ തങ്ങന്മാര്‍ക്ക് പോലും ഈ ചങ്കൂറ്റം കാണില്ല.
അതിനു വേണ്ടത് ആദര്‍ശ ധീരതയാണ്.
ചങ്കൂറ്റമുള്ള ജനപ്രതിനിധികളെയാണ് നമുക്കാവശ്യം. നാണം കെട്ടവന്‍റെ മൂട്ടില്‍ ആല് മുളച്ചാല്‍ അതില്‍ ഊഞ്ഞാല്‍ കെട്ടി ആടുന്നവരെയല്ല..

2011, ഫെബ്രുവരി 17, വ്യാഴാഴ്‌ച

അടിവസ്ത്രത്തെക്കുറിച്ച് ഒരു സിമ്പോസിയം

ലോകത്തിന്‍റെ വ്യത്യസ്ത ഭാഗങ്ങളില്‍ ചൊറിഞ്ഞു കൊണ്ടിരിക്കുമ്പോള്‍ എവിടെ മാന്തിത്തുടങ്ങണം എന്നൊരു കണ്ഫ്യൂഷന്‍! സാരമില്ല, പ്രധാനപ്പെട്ട ഒരു ഭാഗത്ത്‌ നിന്നും തുടങ്ങാം..
സംഗതി ഒരു പരട്ട ചൊറി തന്നെയാണ്.
ഈജിപ്തില്‍ വിപ്ലവം പൊടിപൊടിക്കുമ്പോള്‍ നമ്മുടെ യുവാക്കള്‍ ഫെസ് ബുക്കില്‍ "അമ്മായി വര്‍ത്തമാനം" പറയുകയായിരുന്നു.
മൂരിക്ക് പിണ്ണാക്ക് കൊടുത്തത് പോലെയാണ് ഇവന്മാര്‍ക്കൊക്കെ ഫെസ് ബുക്ക് കിട്ടിയപ്പോള്‍. ഒരു തരം ആത്മ രതി! സ്വന്തം ഫോട്ടോ ഇടുക, മറ്റുള്ളവരുടെ പൊക്കിപ്പറച്ചിലുകള്‍ക്ക് മുന്നില്‍ സ്വയം വിനയാന്വിതനാവുക. പിന്നെ ഭാര്യയുടെ ഫോട്ടോ ഇടുക, മക്കളുടെ, വാപ്പാന്‍റെ, മൂത്താപ്പാന്‍റെ, കുഞ്ഞാമാന്‍റെ, വല്യമ്മച്ചീടെ,,, ഇവരോടൊക്കെ ഒന്ന് കമെന്റടിക്കെന്‍റെ ആശാനെ എന്ന് കാത്തിരിക്കുക.
   എന്തായാലും മുതലാളിത്തം വിജയിക്കുന്നുണ്ട്!!! അങ്ങോരുടെ ആസനത്തില്‍ ഇങ്ങനെ നമോവാകം ചെയ്യുന്ന ഒരു കാലം ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടാവില്ല. എന്നാലും നമ്മള്‍ പറയും "മുതലാളിത്തം തുലയട്ടെ" എന്ന്. തുലയുന്നത് ആരാണെന്ന് നമുക്ക് നോക്കാം. 
   മുതലാളിത്തം എന്ന് പറയുന്നത് ഒരു ഭീകര സ്വരൂപിണിയായ ഒരു രാക്ഷസ രൂപം പ്രാപിച്ച ഒരു ജീവിയുടെ പേരല്ല. അത് ഒരു സംസ്കാരമാണ്. അതിനെ ജീവിതത്തില്‍ നിന്ന് വര്‍ജിക്കുക എന്നതാണ് സംഗതി. 
   അരാഷ്ട്രീയ വല്കരിക്കപ്പെട്ട ഒരു ജനതയെ വാര്‍ത്തെടുക്കുക എന്നതാണ് മുതലാളിത്തത്തിന്‍റെ ഏറ്റവും വലിയ പ്രവര്‍ത്തനം. അത് മേല്പറഞ്ഞ വഴികളിലൂടെ കേമമായി നടക്കുന്നുണ്ട്. അതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുക. പുതിയ തലമുറയെ ബോധവല്കരിക്കുക.
   രാഷ്ട്രത്തെ സംബന്ധിച്ച, ലോകത്തെ സംബന്ധിച്ച കാര്യങ്ങള്‍ വരുമ്പോള്‍ മിണ്ടാന്‍ ആളുണ്ടാവരുത്. അപ്പോള്‍ ആരോ ധരിച്ച അടിവസ്ത്രത്തെ കുറിച്ച് ചര്‍ച്ചയും സെമിനാറുകളും സംഘടിപ്പിക്കണം...സിമ്പോസിയങ്ങള്‍ വേണം..കൊളാഷ് വേണം..പുതിയ ലോകക്രമം ഇങ്ങനെയും ആകാമല്ലോ.